മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ തിരുനാൾ റാസയും പ്രദക്ഷിണവും 2026 ജനുവരി 18 രാവിലെ 9:15 ന് പാലാ രൂപതാ മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ടു. റവ. ഫാ. ജോസഫ് പരവുമ്മേൽ, റവ. ഫാ.ഷിബു തേക്കനാടിയിൽ, റവ. ഫാ. ജോസഫ് തെക്കുംമറ്റത്തിൽ, റവ. ഫാ. ജോൺ മണാങ്കൽ എന്നിവർ സഹകാർമ്മികരായി.



“ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട് ” എന്ന ഏശയ്യാ പ്രവാചകന്റെ വചനത്തിൽ വിശ്വസിച്ച്, പ്രതിസന്ധികളെ അതിജീവിച്ച്, ക്രൈസ്തവ വിശ്വാസത്തിന് ഉജ്ജ്വലമായ സാക്ഷ്യം നൽകുവാൻ നമ്മുടെ കുടുംബങ്ങൾക്ക് കഴിയണമെന്ന് അഭിവന്ദ്യ പിതാവ് വചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. അനൈക്യങ്ങളും കലഹങ്ങളും മാറ്റി, ദൈവഹിതത്തിന് സ്വയം സമർപ്പിച്ച്, സന്തോഷവും സമാധാനവും ശാന്തിയുമുള്ള തിരുക്കുടുംബങ്ങളായി മാറുവാൻ നമുക്ക് സാധിക്കണം. സുവിശേഷ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി, മറ്റുള്ളവരുടെ വേദനകളിൽ അവർക്ക് ആശ്വാസമേകി, കർത്താവിൻ്റെ കുരിശിനോട് ചേർന്ന് ത്യാഗപൂർണ്ണമായ ജീവിതം നയിക്കുവാൻ അഭിവന്ദ്യ പിതാവ് ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു.



ആഘോഷമായ തിരുനാൾ റാസയ്ക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന തിരുസ്വരൂപങ്ങൾ വഹിച്ച് കൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും ഇടവക ജനങ്ങൾ ഒന്നടങ്കം സംബന്ധിച്ചു.






ദൈവഹിതത്തിന് സ്വയം സമർപ്പിച്ച് ദൈവത്തിന് സംപ്രീതമായ കുടുംബങ്ങളായിത്തീരുവാൻ തിരുക്കുടുംബത്തിൻ്റെ തിരുനാളിലൂടെ ഏവർക്കും സാധിക്കട്ടെയെന്ന് ഇടവക വികാരി റവ.ഫാ. ജോസഫ് പരിയാത്ത് ആശംസിച്ചു.