മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വചനപ്രഘോഷണവും ദിവ്യകാരുണ്യപ്രദക്ഷിണവും 2025 ജനുവരി 13,14 ,15 തീയതികളിൽ നടത്തപ്പെട്ടു. പാദുവാ സെൻ്റ് ആൻ്റണീസ് പള്ളി വികാരി റവ ഫാ. തോമസ് ഓലായത്തിൽ വചനപ്രഘോഷണത്തിനും ദിവ്യകാരുണ്യപ്രദക്ഷിണത്തിനും നേതൃത്വം നൽകി. പ്രതിസന്ധികളിൽ പ്രാർത്ഥിച്ച് ദൈവത്തിൻ്റെ കരം പിടിച്ച് തിരുക്കുടുംബത്തിൽ ആശ്രയിച്ച് നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തണമെന്ന് വചനപ്രഘോഷണത്തിൽ ഫാ. തോമസ് ദൈവജനത്തെ ഉദ്ബോധിപ്പിച്ചു.
വചനപ്രഘോഷണത്തോടൊപ്പം നടന്ന ദിവ്യകാരുണ്യപ്രദക്ഷിണം വിശ്വാസികൾക്ക് സായൂജ്യത്തിന്റെ അനർഘ നിമിഷങ്ങൾ സമ്മാനിച്ചു.വെള്ള വിരിച്ച വീഥികളിലൂടെ എഴുന്നള്ളിയെത്തിയ ദിവ്യകാരുണ്യ നാഥനെ പൂവിതളുകൾ വിതറി കുട്ടികൾ എതിരേറ്റു. ദൈവസ്തുതികൾ ആലപിച്ചും പ്രാർത്ഥനകൾ ഉരുവിട്ടും ഗാനങ്ങൾ ആലപിച്ചും പ്രായഭേദമന്യേ ഇടവക ജനങ്ങൾ ദിവ്യകാരുണ്യപ്രദക്ഷിണത്തിൽ പങ്കാളികളായി. വിശുദ്ധ യൗസേപ്പിന്റെ ധൈര്യവും പരിശുദ്ധ കന്യകാമറിയത്തിൻ്റെ സമർപ്പണമനോഭാവവും ഉണ്ണിയേശുവിന്റെ അനുസരണാ ശീലവും പകർത്തി തിരുക്കുടുംബത്തിൻ്റെ വിശുദ്ധി നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കണമെന്ന് ഫാ. തോമസ് ഓർമിപ്പിച്ചു. ഹൃദയ പരിവർത്തനത്തിനും കൂട്ടായ്മയിൽ ആഴപ്പെടുന്നതിനുമുള്ള അവസരം തിരുനാളിലൂടെ ഏവർക്കും ലഭിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.





















Live Streaming: