ഹൃദയം കൊണ്ട് ലോകം കീഴടക്കിയ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയുടെ (88) വിയോഗത്തിൽ ലോകമെമ്പാടും നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.ന്യുമോണിയ അടക്കം വിവിധ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഏതാനും നാളുകളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പാപ്പ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് 2025 ഏപ്രിൽ 21 രാവിലെ ഇന്ത്യൻ സമയം 11:05 ന് ഉത്ഥിതന്‍റെ സന്നിധിയിലേക്ക്, നിത്യതയിലേക്ക് മടങ്ങി. കബറടക്കം 2025 ഏപ്രിൽ 26 ശനിയാഴ്ച രാവിലെ പത്തിന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ വലിയ പള്ളിയിൽ നടക്കും. തൻ്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തിന് ശേഷം 2013 മാർച്ച് 13 നാണ് ലാറ്റിനമേരിക്കയിൽ നിന്നുള്ള ഈശോ സഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോള കത്തോലിക്കാ സഭയുടെ 266-ാം പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
1936 ഡിസംബർ 17ന് ഇറ്റാലിയൻ കുടിയേറ്റക്കാരായ മരിയോ ഹോസേ ബെർഗോളിയോയുടെയും റജീന മരിയ സിവോറിയോയുടെയും മകനായി അർജൻ്റിനയിലെ ബ്യൂണസ് അയേഴ്‌സിൽ ജനിച്ച ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയെ നയിച്ച ആദ്യത്തെ ലാറ്റിനമേരിക്കക്കാരനും ഈശോ സഭാംഗവുമായ കർദിനാളാണ്. നീണ്ട 12 വർഷങ്ങൾ കത്തോലിക്കാ സഭയെ നയിച്ച അദ്ദേഹം 65-ൽ അധികം ലോകരാജ്യങ്ങൾ സന്ദർശിക്കുകയും 900 ആത്മീയ നേതാക്കളെ വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.
പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലർത്തിയ മനുഷ്യസ്നേഹിയായ ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽക്കണിയിൽ ഇരുന്നുകൊണ്ട് വിശ്വാസികൾക്ക് നൽകിയ ആശീർവാദത്തിലും തന്‍റെ അവസാന ഈസ്റ്റർദിന സന്ദേശത്തിലും യുദ്ധം തകർത്തെറിഞ്ഞ യെമൻ, യുക്രെയിൻ എന്നീ രാജ്യങ്ങളിലെ ജനങ്ങളെയും ലെബനൻ,സിറിയ എന്നിവിടങ്ങളിലെ ക്രൈസ്തവ സമൂഹങ്ങളെയും പ്രാർത്ഥനകളിൽ ഓർക്കണമെന്ന് ആഹ്വാനം ചെയ്തു. അവർക്ക് നീതിയുക്തവും ശാശ്വതവുമായ ക്രിസ്തുവിൻ്റെ സമാധാനം ലഭിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം സംഘർഷങ്ങൾക്ക് പുറമേ പ്രകൃതിദുരന്തങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടിയും യുദ്ധതടവുകാർക്ക് വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ടാണ് തൻ്റെ ഈസ്റ്റർ ദിന സന്ദേശം അവസാനിപ്പിച്ചത്.
യുദ്ധങ്ങൾക്കെതിരെ, ഭീകരവാദത്തിനെതിരെ, അക്രമങ്ങൾക്കെതിരെ, കുടിയേറ്റ വിരുദ്ധതക്കെതിരെ, ഗർഭഛിദ്രത്തിനെതിരെ, ആഗോളതാപനത്തിനെതിരെ, ഉപഭോഗ സംസ്കാരത്തിനെതിരെ…. നിലപാടുകളിൽ കാർക്കശ്യം പുലർത്തിയപ്പോഴും ശാന്തത കളിയാടിയ അദ്ദേഹത്തിൻ്റെ മുഖം ജനമനസ്സുകളിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല. ലോക സമാധാനത്തിനും ഐക്യത്തിനും പ്രാധാന്യം നൽകിയ അദ്ദേഹത്തിൻ്റെ നിലപാടുകൾ രാഷ്ട്രത്തലവന്മാർക്കും അധികാരികൾക്കും അവഗണിക്കാൻ സാധിച്ചിരുന്നില്ല. അധികാരം ശുശ്രൂഷയാണെന്ന് ലോക ജനതയ്‌ക്ക് മാതൃക നൽകിയ എളിമയുടെയും ലാളിത്യത്തിന്‍റെയും കരുണയുടെയും അനുകമ്പയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
കേവലം ഒരു മതാധ്യക്ഷൻ എന്നതിലുപരി യഥാർത്ഥ ക്രിസ്തുമത ദർശനം ലോക ജനതയ്ക്ക് അനുഭവവേദ്യമാക്കുവാൻ ഫ്രാൻസിസ് മാർപാപ്പയുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട് . തൻ്റെ ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയ, ലളിത ജീവിതശൈലി കൊണ്ട് ഏവരെയും ആകർഷിച്ച, ഉറച്ച നിലപാടുകൾക്കിടയിലും ശാന്തത മുറുകെപ്പിടിച്ച, നിലപാടുകളിൽ അതിജീവിതരെ ചേർത്ത് പിടിച്ച പരിശുദ്ധ പിതാവിൻ്റെ വിയോഗം അതിജീവിക്കുവാൻ ആഗോള കത്തോലിക്കാ സഭയ്ക്ക് സാധിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.
സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിന്ന് ഹൃദയം കൊണ്ട് ലോകം കീഴടക്കിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകസമൂഹത്തിൻ്റെ ആദരാഞ്ജലികൾ.