സി. ജോയിസ് എഫ്.സി.സി, അമ്പഴത്തിനാല്‍
ശതോത്തര രജതജൂബിലി ആചരിക്കുന്ന തിരുക്കുടുംബദേവാലയം കൃതജ്ഞതയുടെ നിറവിൽ ആനന്ദിക്കുകയാണ്. അജ്ഞതയുടെ കാലഘട്ടത്തിൽ ജീവിച്ച മനുഷ്യൻ ഇന്ന് അറിവിൻ്റെ പാതയിലാണ്. നാം ഇന്ന്, അതിജീവനത്തിനായുള്ള മത്സരയോട്ടത്തിൽ തളർന്നുപോകാതെ ഊർജ്ജവും ഉന്മേഷവും വീണ്ടെടുത്ത് ദൈവപരിപാലനയിൽ ആശ്രയിച്ച് ചുവടുവയ്ക്കുകയാണ്. ദൈവവിശ്വാസവും അടിയുറച്ച പ്രാർത്ഥനയും ഒന്നുകൊണ്ടു മാത്രം ജീവിച്ചവരാണ് നമ്മുടെ മുൻഗാമികൾ. കഷ്‌ടപ്പാടുകളുടെയും, പട്ടിണിയുടെയും, രോഗങ്ങളുടെയും നടുവിൽ മരുന്നും സഹായവുമായി എത്തിയത് യേശു മാത്രമായിരുന്നു. എല്ലുമുറിയെ പണിയെടുത്ത് കിട്ടുന്ന ആദായത്തിൽ ഭൂരിഭാഗം മിച്ചം വച്ച നമ്മുടെ പൂർവ്വികർക്ക് വരുംതലമുറയെ വാർത്തെടുക്കുവാൻ യേശുവിലുള്ള വിശ്വാസവും പ്രാർത്ഥനയുമായിരുന്നു സഹായമായിരുന്നത്.
അവര്‍ പരമ്പരാഗതമായി തങ്ങൾക്കു കിട്ടിയ പ്രാർത്ഥനാചൈതന്യവും ഉറച്ച നിലപാടുകളും മക്കൾക്ക് പകുത്തു നല്കി കുടുംബാംഗങ്ങളുടെ അംഗബലം കുടുംബത്തിൻ്റെ അന്തസ്സിനെ വിളിച്ചറിയിച്ചു. അവിടെ ഒത്തുചേരലുകളുണ്ടായിരുന്നു. പിണക്കങ്ങളുണ്ടായിരുന്നു. എങ്കിലും സ്നേഹബന്ധം ശക്തമായിരുന്നു. പ്രോത്സാഹനങ്ങളുണ്ടായിരുന്നു. പങ്കുവയ്ക്കലുകളുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ഈ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തിയിരുന്നത് വി. കുർബ്ബാനയർപ്പണവും കൂദാശകളുടെ സ്വീകരണവുമായിരുന്നു. മഹാമാരിയും രോഗങ്ങളും മനുഷ്യൻ്റെ സാധാരണജീവിതത്തെ വലച്ചപ്പോൾ അവൻ അഭയം പ്രാപിച്ചിരുന്നത് നാട്ടറിവുകളിലും സർക്കാർ പ്രാഥമിക ആശുപത്രികളിലുമായിരുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യസംസ്കാരത്തിൽ രോഗാതുരമായ മനസ്സും ശരീരവും ഇല്ലായിരുന്നു. പണിയെടുക്കുന്നതുപോലെ തന്നെ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും കുടുംബബന്ധങ്ങൾ വിപുലമാക്കുന്നതിൽ സമയം കണ്ടെത്തുകയും ചെയ്തിരുന്നു.
കുടുംബകൂട്ടായ്മയും വിശ്വാസജീവിതവും
ജീവിതത്തിൻ്റെ തിരക്കുകളും മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആകുലതകളും ഇക്കാലത്ത് മാതാപിതാക്കന്മാർക്ക് വലിയ വെല്ലുവിളിയാണ്. “അതി വേഗം ബഹുദൂരം’ എന്ന ജീവിതശൈലിയുമായി നെട്ടോട്ടമോടുന്ന മനുഷ്യർക്ക് സ്വച്ഛമായ അന്തരീക്ഷവും സമാധാനപരമായ വിശ്രമവും സാധ്യമാകുന്നില്ല. കുട്ടികളുടെ പഠനവും ജോലിസാധ്യതകളും മരുഭൂമിയിലെ മരീചിക പോലെയാണ്. കടബാദ്ധ്യതകളും മോഹനസ്വപ്നങ്ങളും, എല്ലാവരിലും എടുത്താൽ പൊങ്ങാത്ത ഭാരമായി അവശേഷിക്കുന്നു. ദുരഭിമാനബോധം, വിശ്വാസജീവിതത്തിലുള്ള അപചയം, ആധുനികതയുടെ മായക്കാഴ്‌ചകൾ, മനുഷ്യമനസ്സിനെ കീഴടക്കുന്ന വ്യാമോഹങ്ങൾ എന്നിവയെല്ലാം പിശാചിൻ്റെ പ്രലോഭനങ്ങളാണ് എന്നു പറയാതെ വയ്യാ. ഒന്നിച്ചിരുന്നുള്ള സന്ധ്യാനമസ്ക്കാരങ്ങളും, പ്രാർത്ഥനകളും, ബൈബിൾ വായനയും ഈ കുടുംബങ്ങളിൽ കുറഞ്ഞുവരുന്നു. അദ്ധ്വാനസംസ്കാരം ക്രമേണ മാറി വരികയും കുറുക്കുവഴി (ബൈപാസ്) സംസ്‌കാരങ്ങൾ ജീവിതത്തിന് നിരാശ നല്‍കുകയും തത്‌ഫലമായി അക്രമ ചിന്തകൾ ഉണ്ടാവുകയും ചെയ്യുന്നു.
ഈ അവസരത്തിൽ ദൈവത്തെ മുറുകെ പിടിച്ച് ദൈവവിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിക്കു മാത്രമെ ഇനി ഒരു നല്ല നാളയെ സ്വപ്നം കാണാനാവൂ.
ആദിമസഭയിൽ കുടുംബങ്ങളൊത്തു ചേർന്നു പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവിൻ്റെ അഭിഷേകം കൊച്ചുസമൂഹങ്ങളിൽ കത്തിപ്പടരുകയുണ്ടായി. തത്ഫലമായി അവർ ഒരേ വിശ്വാസവും ഒരേ പ്രാർത്ഥനയും ഒരേ ജീവിതശൈലിയും പങ്കുവച്ചിരുന്നു. ‘എൻ്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒരുമിച്ചുകൂടുന്നിടത്ത് എൻ്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കു’ മെന്ന ഈശോയുടെ വചനം അതിൻ്റെ പൂർണ്ണതയിൽ അനുഭവിച്ചറിയുവാൻ കൂടിച്ചേരലുകൾ അവസരമാവുകയായിരുന്നു.
മുന്തിരിച്ചെടിയും ശാഖകളുമെന്നതു പോലെ തായ്ത്തണ്ടോടു ചേർന്നുനിന്ന് ഫലം പുറപ്പെടുവിക്കാനുള്ള അവസരമാണ് നമ്മുടെ കുടുംബകൂട്ടായ്മകൾ. ഈശോയോട് ചേർന്നു നിൽക്കുമ്പോൾ നമ്മുടെ വിജയങ്ങളും പരാജയങ്ങളും ദൈവമഹത്വത്തിന് വേണ്ടിയിട്ടുള്ളതാകുന്നു എന്ന് തിരിച്ചറിയാൻ സാധിക്കും. അപ്പോൾ ആർക്കും നമ്മെ ഒഴിവാക്കുവാനോ അവഗണിക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ നാം നിരാശരാകുകയില്ല. നാം പ്രത്യാശയില്‍ ജീവിക്കുകയും വളരുകയും ചെയ്യും. വി.കുർബ്ബാനയുടെ മുന്നാസ്വാദനം തന്നെയാണ് കുടുംബകൂട്ടായ്മയുടെ വേദികളിൽ നാം നടത്തുന്നത്. വചനം വായിച്ച് ദൈവത്തെ സ്‌തുതിച്ചാരാധിച്ച് വചനചിന്തകൾ പങ്കുവച്ച് മദ്ധ്യസ്ഥപ്രാർത്ഥനകൾ നടത്തി പങ്കുവയ്ക്കലിൻ്റെ വിരുന്നനുഭവവും സ്വന്തമാക്കി പരസ്‌പരം കുശലം പറഞ്ഞും ചിരിച്ചും സ്വഭവനങ്ങളിലേക്ക് മടങ്ങുന്നു. ഈ വേദികളിൽ പരസ്‌പരം പ്രോത്സാഹിപ്പിക്കുവാനും സന്തോഷങ്ങൾ പങ്കിടുവാനും സങ്കടങ്ങളിൽ ആശ്വാസവാക്കുകള്‍ പകരുവാനും സാധിക്കുന്നു. ചുരുക്കത്തിൽ സ്നേഹപിതാവായ ദൈവത്തിൻ്റെ സ്വർഗ്ഗീയഭവനത്തിൽ ഒന്നുചേർന്ന നവ്യാനുഭവം സ്വന്തമാക്കിയതു പോലെയാകുന്നു. പുരോഹിതൻ നല്‌കുന്ന വചനവിശദീകരണവും ബൈബിൾ ക്വിസ്സുകളും ഈശോയെ അടുത്തറിയുവാനുള്ള വേദികളായി മാറുന്നു. ഈ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കുടുംബവേദികളാണ്. ഇത് സ്വർഗ്ഗീയ ജറുസലേമിൽ സ്വപിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃതനായിരുന്ന ഉണ്ണീശോ അനുഭവം തന്നെയാണ്.
കുടുംബകൂട്ടായ്മകളും സഭയുടെ മുഖത്തിന്‍റെ സൗന്ദര്യം വർദ്ധിപ്പിക്കലും
കുടുംബകൂട്ടായ്മകൾ ഇടവകയുടെ ആലോചനാവേദികളാണ്. ഇവിടെ ഇടവകയുടെ പൊതുകാര്യങ്ങൾ ചൂടേറിയ ചർച്ചകൾക്കും വിശദീകരണങ്ങൾക്കും മറുപടികൾക്കും ചോദ്യം ചെയ്യലിനും വേദിയാകുന്നു. ഇവിടെ സംശയനിവാരണവും ഉത്തരം കണ്ടെത്തലുമാണ് നാം ഓരോരുത്തരും നിർവ്വഹിക്കുക. ഇത് സഭയുടെ വിശ്വാസസത്യങ്ങളെയും ആരാധനാജീവിതത്തെയും അടുത്തറിയുവാനും അഭിമാനിക്കുവാനും വാതിൽ തുറന്നു തരികയാണ് ചെയ്യുന്നത്. സാധാരണ ജീവിതങ്ങളിലേയ്ക്ക് തിരമാലകൾപോലെ അടിച്ചുകയറുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ഉത്തരം തേടിയുള്ള പ്രയാണമാണ് ഇവിടെ നടക്കുന്നത്. ഇത് ഈശോയോടൊപ്പം എമ്മാവൂസിലേയ്ക്കുള്ള ശിഷ്യന്മാരുടെ യാത്രക്കു തുല്യമാണ്. ഇവിടെ ജ്വലിക്കുന്ന അനുഭവങ്ങളും വചനത്തിൻ്റെ അഭിഷേകവും എല്ലാവർക്കും തുല്യമായി തീരുകയാണ്. ഇവിടെ പരസ്പരമുള്ള ഉരസലുകൾക്കും മത്സരങ്ങൾക്കും അർത്ഥമില്ലാതാവുകയും പ്രോത്സാഹനവും അംഗീകാരവും എല്ലാവർക്കും ലഭിക്കുകയും ചെയ്യുന്നു. ഇവിടെ വേദനിക്കുന്നവരുടെ സങ്കടപ്പെടുന്നവരുടെ കണ്ണുനീർ തുടച്ചുനീക്കപ്പെടുകയാണ്. എല്ലാവർക്കും എല്ലാവരിലും ഈശോയുടെ മുഖം കാണാനുള്ള പരിശ്രമമാവുകയാണ്.
മറ്റക്കര ഇടവകയിൽ 15 കുടുംബകൂട്ടായ്മകളും വളരെ സജീവമായി എല്ലാ മാസവും ഒരു പ്രാവശ്യം വീതം ഒരുമിച്ചു കൂടുന്നു. ബഹു. വികാരിയച്ചന്‍റെയും സിസ്റ്റേഴ്‌സിൻ്റേയും നേതൃത്വത്തിൽ ഒന്നിച്ചു കൂടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ബഹു. വികാരിയച്ചൻ സുവിശേഷം വായിക്കുകയും വചനവിചിന്തനം നല്‌കുകയും ചെയ്യുന്നു.
ശതോത്തര രജതജൂബിലി വർഷത്തിൽ ഇടവക കൂട്ടായ്മ വാർഡുതല വാർഷികങ്ങളും മത്സരങ്ങളും ക്രമമായി നടന്നു. വൈകുന്നേരങ്ങളിൽ നടന്ന കലാപരിപാടികളും സ്നേഹവിരുന്നും മികവുറ്റതായിരുന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് വാർഡ് തലത്തിൽ സമ്മാനങ്ങൾ നല്കി. ഇടവകദിനത്തോടനുബന്ധിച്ച് കുടുംബകൂട്ടായ്മാ വാർഷികവും വാർഡ് തലത്തിലുള്ള വിജയികളുടെ ഫൈനൽ റൗണ്ട് മത്സരങ്ങളും ഡിസംബർ 26-ാം തീയതി പാരിഷ് ഹാളിലും പരിസരങ്ങളിലുമായി വിജയകരമായി നടത്തപ്പെട്ടു. വിജയികൾക്ക് ഇടവകദിനത്തിൽ സമ്മാനങ്ങളും നൽകി.
ജനുവരി 21 ശനിയാഴ്‌ച ഇടവകദിനമായി ആഘോഷിച്ചു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച ഇടവകദിന പൊതുസമ്മേളനം പാലാ രൂപത വികാരി ജനറാൾ മോൺ. റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷിക്കുന്ന ബഹു. വികാരിയച്ചൻ, ബഹു. തോമസ് തെന്നടിയിലച്ചൻ, ഇടവകക്കാരായ ഡോ. തോമസ് പാറയ്ക്കൽ, ഫാ. ഫെലിക്സ് വടക്കേടം (Late), ഫാ. തോമസ് പുതൃക്കയിൽ എന്നിവരെ ആദരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ ഇടവകയിലെ 15 വാർഡുകളിൽ നിന്നുള്ള വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. 50 വർഷം വേദപാഠ അദ്ധ്യാപകനായിരുന്ന ശ്രീ. അലക്സ് ടി.സി. തെക്കുമറ്റത്തലിനെ ആദരിക്കുകയും ചെയ്തു. വിവിധ ഇനങ്ങളിൽ സമ്മാനാർഹരായ ഇടവകാംഗങ്ങൾക്ക് സമ്മാനദാനവും നടത്തി.
ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‌കുന്ന ബഹു. വികാരിയച്ചനെയും സിസ്റ്റേഴ്‌സിനെയും കൂട്ടായ്മ ഭാരവാഹികളെയും അനുമോദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.