back to top

മറ്റക്കര ഇടവക:
ചരിത്രവഴികളിലൂടെ

മറ്റക്കര

കോട്ടയം ജില്ലയിൽ പന്നഗം എന്ന ജലസ്രോതസ്സിനാൽ അനുഗ്രഹീതമായ മനോഹരഭൂപ്രദേശമാണ് മറ്റക്കര. പ്രാചീന കാലം മുതൽ തദ്ദേശവാസികൾ കെട്ട് വള്ളങ്ങൾ, ചങ്ങാടങ്ങൾ എന്നിവ മുഖേന ചരക്കു ഗതാഗതത്തിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും ഈ കുഞ്ഞു പുഴയെ ആശ്രയിച്ചിരുന്നു. മറ്റക്കരയുടെ വികസനത്തിൻ്റെ കേന്ദ്രബിന്ദു ഈ കുഞ്ഞു പുഴയായിരുന്നു. കുന്നിൻ ചെരിവുകളിലൂടെ ഒഴുകി സമതലങ്ങളിൽ ചെറിയ മറ്റങ്ങൾ തീർത്ത് ആദ്യം വടക്കോട്ടും പിന്നെ പടിഞ്ഞാറോട്ടും ഒഴുകി പന്നഗം തോട് പുന്നത്തുറയിൽ മീനച്ചിലാറ്റിൽ സംഗമിക്കുന്നു. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിലെ പല സ്ഥലങ്ങളും വീടുകളും അറിയപ്പെട്ടിരുന്നത് ‘മറ്റം’ എന്ന വാക്ക് ചേർത്താണ്. തെക്കുംമറ്റം, മാറാമറ്റം, മഞ്ഞാമറ്റം, നാഗമറ്റം, കൂർക്കമറ്റം എന്നിവ ഇതിനുദാഹരണങ്ങളാണ്. അതു കൊണ്ടാവണം ഈ പ്രദേശം “മറ്റക്കര” അഥവാ “മറ്റങ്ങളുടെ കര” എന്ന് വിളിക്കപ്പെട്ടത്. “മറ്റേക്കര” എന്ന വാക്കിൽ നിന്നും മറ്റക്കര ഉത്ഭവിച്ചു എന്നും പറയുന്നവരുണ്ട്. “മറ്റക്കര ചുറ്റെത്തുകയുമില്ല, അന്നൊരു പറ്റ് കഴിക്കുകയുമില്ല”, എന്ന ചൊല്ല് ഈ നാടിൻ്റെ വിസ്തൃതിയെയാണ് സൂചിപ്പിക്കുന്നത്.

മറ്റക്കരയിലെ കത്തോലിക്കർ

19 -ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ തന്നെ കുറവിലങ്ങാട്, പാലാ, കുരുവിനാൽ, ചേർപ്പുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കത്തോലിക്കർ മറ്റക്കരയിലേക്ക് കുടിയേറി പാർത്തു തുടങ്ങിയിരുന്നു. പന്നഗം തോട്ടിലൂടെയുള്ള ചരക്കു ഗതാഗതം, ഫലഭൂയിഷ്ഠമായ മറ്റങ്ങൾ എന്നിവ കുടിയേറ്റത്തിന് പ്രേരകമായി തീർന്നിരിക്കണം. കൃഷിയിലും കച്ചവടത്തിലും പ്രഗൽഭരായിരുന്ന ആദ്യ കത്തോലിക്കർ കഠിനാധ്വാനവും ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തിയിരുന്നതിനാൽ ഇവിടുത്തെ ഹൈന്ദവ ജന്മിമാർ ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ചില ഹൈന്ദവർ അവർണരുടെ സമ്പർക്കം മൂലം അശുദ്ധമാക്കപ്പെടുന്ന വസ്തുവകകൾ തൊട്ടു ശുദ്ധമാക്കുവാൻ നസ്രാണികളെ ഇവിടെ കൊണ്ടു വന്ന് താമസിപ്പിച്ചിരുന്നുവെന്നും ചിലർ പുലർകാലെ കണി കാണുവാൻ നസ്രാണികളെ വീട്ടിൽ നിന്നും അകലെയല്ലാതെ പാർപ്പിച്ചിരുന്നുവെന്നും പഴമക്കാർ പറയുന്നുണ്ട്. “തൈലാദി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ അത് ശുദ്ധമാകും” എന്നാണ് പഴഞ്ചൊല്ല്.

ഇടവകയുടെ ആരംഭം

ചേർപ്പുങ്കൽ, കൊഴുവനാൽ ,കുരുവിനാൽ ,പാലാ എന്നീ പള്ളികളായിരുന്നു അക്കാലത്ത് മറ്റക്കരയിലും പരിസരങ്ങളിലും താമസിച്ചിരുന്ന കത്തോലിക്കരുടെ മാതൃ ഇടവകകൾ. കാടും മേടും കടന്ന്, വന്യമൃഗങ്ങളുടെയും ക്ഷുദ്ര ജീവികളുടെയും ആക്രമണങ്ങൾ അതിജീവിച്ച് സകുടുംബം മേൽപ്പറഞ്ഞ പള്ളികളിലേക്ക് അതിരാവിലെ തന്നെ കൊതുമ്പ് ചൂട്ടുമായി അവർ പുറപ്പെടുമായിരുന്നു. വിവാഹം, മൃതസംസ്കാരം എന്നീ കർമ്മങ്ങൾക്കായി ഈ പള്ളികളിൽ എത്തിച്ചേരുക എന്നത് ദുഷ്കരമായിരുന്നു. ഇതിനൊരു പരിഹാരം കാണുവാൻ മറ്റക്കര പ്രദേശത്തുള്ള 176 കുടുംബങ്ങൾ ഒത്തുചേർന്ന് ഒരു കുരിശുപള്ളി സ്ഥാപിച്ച് തങ്ങളുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തണമെന്ന് ദൃഢനിശ്ചയം എടുത്ത് ദൈവാലയ സ്ഥാപനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.മണ്ണനാൽ കന്നുംകുഴിയിൽ പുന്നൻ ഔസേപ്പ് , പഴേമ്പളിൽ മത്തായി ദേവസ്യ, തുണ്ടിയിൽ കരോട്ട് ചെറിയത് തൊമ്മൻ എന്നീ മഹത് വ്യക്തികൾ ആയിരുന്നു ഇതിന് മുൻകൈ എടുത്തത്. ഏതാണ്ട് നാല് വർഷത്തെ പരിശ്രമ ഫലമായി ഇവിടെ ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിനുള്ള അനുമതി അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിൽ നിന്നും ചങ്ങനാശ്ശേരി മെത്രാൻ അഭിവന്ദ്യ മത്തായി മാക്കിൽ പിതാവിൽ നിന്നും ലഭിച്ചു.

കുരിശുപള്ളി സ്ഥാപിക്കുന്നതിനായി കാവുംപുറം, പള്ളിക്കൂടം പറമ്പ് തുടങ്ങി പല സ്ഥലങ്ങളും നിർദ്ദേശിക്കപ്പെട്ടുവെങ്കിലും ഇന്ന് പള്ളി നിൽക്കുന്ന താരതമ്യേന ഉയർന്ന പ്രദേശമാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. ചേർപ്പുങ്കൽ പ്രദേശത്തു നിന്നും കുടിയേറിയവരായ കൊങ്ങമ്പുഴ കീച്ചേരിൽ മാണി അഗസ്തി, അറയ്ക്കൽ തെക്കുംമറ്റത്തിൽ തൊമ്മി, ഭാര്യ ഏലി എന്നിവരുടെ വകയായിരുന്ന കല്ലടയിൽ പുരയിടമായിരുന്നു ഈ സ്ഥലം. ഇരുവരും സ്ഥലം പള്ളിക്ക് ദാനമായി നൽകാമെന്ന് സമ്മതിച്ചു. ഈ സ്ഥലത്തിൻ്റെ അന്നത്തെ അളവ് ഏഴ് പറ വിത്തുപാടം ആയിരുന്നു. ജന്മികളായ കോവൂർ കുടുംബക്കാർ സന്തോഷത്തോടെ ഇതിനെ അംഗീകരിക്കുകയും താൽക്കാലിക പള്ളിക്കായുള്ള നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കമുക്, മുള, പനയോല, തെങ്ങോല എന്നിവ ഉപയോഗിച്ച് മറ്റക്കരയിലെ ആദ്യത്തെ ഓലകെട്ടിയ പള്ളിയും അച്ചന് താമസിക്കാനുള്ള താൽക്കാലിക പർണ്ണശാലയും നിർമ്മിക്കപ്പെട്ടു.

ചേർപ്പുങ്കൽ ഇടവകക്കാരനായ ബഹുമാനപ്പെട്ട നെച്ചിക്കാട്ടിൽ തോമസ് അച്ചൻ മറ്റക്കര ഇടവകയുടെ ആദ്യ അസിസ്റ്റൻ്റ് വികാരിയായി നിയമിക്കപ്പെട്ടു. 1898 ഒക്ടോബർ 23 -ാം തീയതി ഈ പള്ളിയിൽ ആദ്യ ദിവ്യബലി അർപ്പിക്കുകയും പുതിയ പള്ളി പണിയുന്നതിനുള്ള ശില ആശീർവദിച്ചു സ്ഥാപിക്കുകയും ചെയ്തു. (അന്നുമുതൽ ഈ പള്ളിയുടെ കല്ലിട്ട തിരുനാൾ എല്ലാ വർഷവും ഒക്ടോബർ 23ന് ആഘോഷിക്കപ്പെടുന്നു).

1899 ജൂൺ മാസത്തിൽ ഈ പള്ളിയിലെ ആദ്യ പൊതുയോഗം ബഹുമാനപ്പെട്ട തോമസ് നെച്ചിക്കാട്ടിൽ അച്ചൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. ഈ കുരിശുപള്ളിയിൽ ചേരാൻ ആഗ്രഹിച്ചിരുന്ന മറ്റക്കരയിലും അയൽക്കരകളിലും താമസിച്ചിരുന്നവരായ 176 കുടുംബനാഥന്മാർ ഒപ്പിട്ട ആദ്യയോഗ നിശ്ചയം ചങ്ങനാശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാന് ഇങ്ങനെ സമർപ്പിച്ചു. “എല്ലാവക ആത്മീയ ആവശ്യങ്ങളും കുരിശുപള്ളിയിൽ വച്ച് നടത്താൻ തക്കവണ്ണം മനോഗുണത്തിന്‍റെ കൽപ്പന ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു”. നിരവധി അപേക്ഷകളുടെയും യോഗ നിശ്ചയങ്ങളുടെയും അടിസ്ഥാനത്തിൽ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ സാധിക്കത്തക്ക വിധം മറ്റക്കര കുരിശുപള്ളിയെ ഒരു സ്വതന്ത്ര ഇടവകയായി 1902 ലെ ചങ്ങനാശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍റെ 191-ാം നമ്പർ കൽപ്പന പ്രകാരം ഉയർത്തി.

ആദ്യ മഠം

1919 ജനുവരി മാസത്തിൽ കൂടിയ പൊതുയോഗത്തിൽ പെൺകുട്ടികളുടെ പഠന സൗകര്യാർത്ഥം ഒരു മഠം സ്ഥാപിക്കണമെന്ന് അഭിവന്ദ്യ ചങ്ങനാശ്ശേരി പിതാവിനോട് അപേക്ഷിക്കുകയും തത്ഫലമായി ചങ്ങനാശ്ശേരിയിൽ സ്ഥാപിതമായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍റെ ഏഴാമത്തെ ഭവനം 1919 ഏപ്രിൽ ഏഴിന് മറ്റക്കരയിൽ സ്ഥാപിതമാവുകയും ചെയ്തു.മണ്ണനാൽ ജോസഫ് വക ചൊർണ്ണാപ്പുഴ പുരയിടത്തിൽ സ്ഥാപിക്കപ്പെട്ട ഈ മഠം പിന്നീട് സിസ്റ്റേഴ്സിൻ്റെ യാത്രാക്ലേശം പരിഗണിച്ച് പള്ളിക്കടുത്തുള്ള ബഹുമാനപ്പെട്ട കൂർക്കമറ്റത്തിൽ മത്തായി അച്ചൻ്റെ ഉടമസ്ഥതയിലുള്ള പൂന്തോപ്പ് പുരയിടത്തിലെ ചെറിയ കെട്ടിടം വിപുലീകരിച്ച് 1919 ഒക്ടോബർ 20 -ാം തീയതി മാറ്റി സ്ഥാപിക്കുകയും ചെയ്തു.

മുന്തിരിവള്ളികളും ശാഖകളും

തിരുക്കുടുംബഭക്തിയിൽ ഒന്നുചേർന്ന ഇടവക സമൂഹം വളരുകയും കുടുംബങ്ങളുടെ എണ്ണം 500 -ല്‍ കവിയുകയും ചെയ്ത സാഹചര്യത്തിൽ 1919 സെപ്റ്റംബർ രണ്ടിന് കൂടിയ പൊതുയോഗത്തിൽ പുതിയ പള്ളി പണിയുന്നതിനും അതിനായി വീതപ്പിരിവ് നടത്തുന്നതിനുമുള്ള സുപ്രധാന തീരുമാനം എടുക്കുകയുണ്ടായി. എന്നാൽ ഈ തീരുമാനത്തിന് രൂപതയിൽ നിന്നും അംഗീകാരം ലഭിച്ചില്ല.

1919 ഫെബ്രുവരി രണ്ടിന് ശിലാ സ്ഥാപനം നടത്തിയ മൂഴൂർ കുരിശുപള്ളി 1920 നവംബർ ആറിന് സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെടുകയും ഈ ഇടവകയിൽ നിന്ന് അൻപതോളം വീട്ടുകാർ മൂഴൂർ ഇടവകയിലേക്ക് മാറുകയും ചെയ്തു. 1921 ഫെബ്രുവരി 21 -ാം തീയതി പാദുവാ കുരിശുപള്ളിക്ക് കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും നൂറ്റമ്പതോളം വീട്ടുകാർ അവിടേക്ക് മാറുകയും ചെയ്തു.

1927 ജനുവരി പതിനാറാം തീയതി മണ്ണനാൽ പുത്തൻപറമ്പിൽ കുര്യൻ വിൻസന്തിയോസിന്‍റെ കൈവശം ഉണ്ടായിരുന്ന സ്ഥലത്ത് ഒരു കുരിശുപള്ളി സ്ഥാപിക്കുകയും പ്രസ്തുത കുരിശുപള്ളി ഇന്ന് ചേപ്പുംപാറ ഇടവകയുടെ കുരിശുപള്ളിയായി നിലനിൽക്കുകയും ചെയ്യുന്നു. ചങ്ങനാശ്ശേരി-പാലാ രൂപതാ വിഭജന സമയത്ത് മറ്റക്കര പള്ളി പാലാ രൂപതയുടെ ഭാഗമായും ചേപ്പുംപാറ പള്ളി ചങ്ങനാശ്ശേരി അതിരൂപതയുടെ ഭാഗമാവുകയും ചെയ്തു.

കരിമ്പാനിയിലുള്ള കുട്ടികളുടെ മതപഠനസൗകര്യാർത്ഥം നിർമ്മിക്കപ്പെട്ട കുരിശുപള്ളിയും സ്ഥലവും കൂടി 1949- ൽ എം.സി.ബി.എസ്. സന്യാസഭയ്ക്ക് എഴുതിക്കൊടുക്കുകയും 1998 മെയ് ഒന്നിന് കരിമ്പാനി സ്വതന്ത്ര ഇടവകയായി മാറുകയും ചെയ്തു.

1958 ജൂലൈ മൂന്നിന് മഞ്ഞാമറ്റം കുരിശുപള്ളി നിർമാണത്തിന് തറക്കല്ലിടുകയും പിന്നീട് സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെടുകയും ചെയ്തു.

1987-ൽ മണലുങ്കൽ പള്ളി ഇടവകയായപ്പോൾ ഈ ഇടവകയിലെ 11 വീട്ടുകാർ ആ ഇടവകയുടെ ഭാഗമാവുകയും ചെയ്തു.

1993 സെപ്റ്റംബർ 14 ന് മറ്റക്കര പള്ളിയുടെ കുരിശുപള്ളിയായിരുന്ന അൽഫോന്‍സാഗിരി പള്ളി സ്വതന്ത്ര ഇടവകയായി.

മത മഹാസമ്മേളനം

1934 മാർച്ച് 13,14,15 തീയതികളിൽ മറ്റക്കര ഇടവകയിൽ നടന്ന മത മഹാസമ്മേളനം ഒരു ചരിത്ര സംഭവമായിരുന്നു. മോൺ.ജേക്കബ് വെള്ളരിങ്ങാട്, ഫാ. വില്ല്യം നേര്യംപറമ്പിൽ, ഫാ. പ്ലാസിഡ് പൊടിപാറ, ഫാ. റോമിയോ തോമസ് ,ഫാ. ഡൊമിനിക്ക് തോട്ടാശ്ശേരി, ചേന്നാട്ട് മത്തായി കത്തനാർ, കെ. ഇ. ജോസ്, വി.സി. ജോർജ്, എം. ഓ. ജോസഫ് അഞ്ചേരി എന്നീ പ്രഗത്ഭരായ വാഗ്മികൾ പ്രഭാഷണങ്ങൾ നടത്തി. ഫാ. അബ്രഹാം കുടകശ്ശേരി മറ്റക്കരയുടെ ചരിത്രവും സമ്മേളനത്തിൻ്റെ പ്രാധാന്യവും ഓട്ടൻതുള്ളലായി അവതരിപ്പിക്കുകയും ചെയ്തു.

പുതിയ പള്ളി

1936 ജനുവരി മാസത്തിൽ ഫാ. തോമസ് പുറക്കരിയിൽ പുതിയ വികാരിയായി ചുമതല ഏറ്റെടുക്കുകയും ജനുവരി 19 ന് ചേർന്ന യോഗത്തിനു ശേഷം പുതിയ പള്ളിയുടെ തറക്കല്ലിടുകയും ചെയ്തു. പണി വേഗം തുടങ്ങുന്നതിനും ഇടവകക്കാരിൽ നിന്നും പലതരത്തിലുള്ള പിരിവുകൾ നടത്തുന്നതിനും പ്രസ്തുത യോഗത്തിൽ തീരുമാനിക്കുകയും ചങ്ങനാശ്ശേരി രൂപതാ കാര്യാലയത്തിൽ നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്തു.

നീളം- 145 അടി
വീതി- 50 അടി (ഉള്ള്)
ഭിത്തിയുടെ ഉയരം- 25 അടി
മുഖവാരം മൂന്നു കൊമ്പായി പൊക്കം- 55 അടി
തറപ്പൊക്കം- രണ്ട് അടി

ഇരുവശങ്ങളിലുമായി ആറു വാതിലുകളും 5 ജനാലകളും മുൻവശത്ത് മൂന്നു വാതിലുകളും വയ്ക്കുവാൻ തീരുമാനമായി. പിറകിൽ 50 അടി നീളത്തിലും 14 അടി വീതിയിലുമായി സങ്കീർത്തി നിർമ്മിക്കുവാനും തീരുമാനിച്ചു. ഈ പണികൾക്ക് ഉദ്ദേശം 10000 രൂപ വകയിരുത്തുകയും ചെയ്തു. നമ്മുടെ ഇടവകക്കാരായ ബഹുമാനപ്പെട്ട മണ്ണനാൽ കുര്യച്ചൻ, ബഹുമാനപ്പെട്ട മത്തായി അച്ചൻ, അസിസ്റ്റൻ്റ് വികാരി, ബഹുമാനപ്പെട്ട മണ്ണനാൽ ജോസഫ് അച്ചൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പള്ളിയുടെ പണികൾക്ക് മേൽനോട്ടം വഹിക്കാൻ തേക്കനാടിയിൽ ശ്രീ. കുര്യൻ മത്തായിയെ യോഗം തിരഞ്ഞെടുത്തു. പള്ളി പണിയുടെ പ്രധാന മേസ്തിരി നാഗർകോവിൽക്കാരൻ ജ്ഞാനക്കണ്ണ് മേസ്തിരിയായിരുന്നു. അദ്ദേഹം നാഗർകോവിലിൽ നിന്നും കൊണ്ടുവന്ന മേസ്തിരിമാരായിരുന്നു പ്രധാന പണിക്കാർ.

തറ, ഭിത്തി, തൂണുകൾ എന്നിവ കരിങ്കല്ലിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയത്തിൻ്റെ കട്ടിള, ജനൽ,വാർക്കപ്പണികൾ എന്നിവയ്ക്ക് സിമൻ്റ് ഉപയോഗിച്ചിരുന്നു. തറ, ഭിത്തി എന്നിവയുടെ തേപ്പിന് കുമ്മായമാണ് ഉപയോഗിച്ചത്. കറുത്ത കായൽ കക്ക ചുവന്ന പ്ലാവ് കടവിൽ വരെ വള്ളത്തിൽ എത്തിച്ച് അവിടെ നിന്നും പള്ളിവക പോത്തു വണ്ടിയിൽ പള്ളിയിലെത്തിച്ച് നീറ്റിയാണ് കുമ്മായം ഉണ്ടാക്കിയിരുന്നത്. പള്ളി പണിക്ക് ആവശ്യമായ മണൽ പന്നഗം തോട്ടിൽ നിന്നും ഇടവകക്കാർ വാരിയെടുക്കുകയായിരുന്നു. വൃത്താകൃതിയിൽ ഉണ്ടാക്കിയ വലിയ കുമ്മായത്തൊട്ടിയിൽ വൃത്താകൃതിയിലുള്ള വലിയ കല്ല് അച്ചുതണ്ടിൽ ഘടിപ്പിച്ച് പോത്തിനെ കെട്ടി അടിച്ചാണ് കുമ്മായം കൂട്ടിയിരുന്നത്. പോത്തിന് ഒഴിവില്ലാത്തപ്പോൾ ആൾ പണിക്കാർ കല്ലുരുട്ടി കുമ്മായം കൂട്ടിയിരുന്നു. പള്ളി പണിക്കായി തിരി കല്ലും കൽത്തൊട്ടിയും ദാനമായി നൽകിയത് കോവൂർ നാരായണ പത്മനാഭപിള്ളയാണ്.

ഭിത്തി തേക്കാനും മറ്റു മിനുക്കു പണികൾക്കും കൂട്ടിയ ചാന്തിൽ മണൽ, കുമ്മായം എന്നിവയ്ക്ക് ഒപ്പം ശർക്കര, ഞെരള പശ, കുളമാമ്പശ എന്നിവയും ചേർത്തിരുന്നു. 75 വർഷങ്ങൾ പിന്നിട്ടിട്ടും പള്ളിയുടെ ഒരു ഭാഗത്തും വിള്ളലോ പൊട്ടലുകളോ ഒന്നും ഉണ്ടായിട്ടില്ല. എസ്റ്റിമേറ്റ് തുകയുടെ അനേകം മടങ്ങു തുകയാണ് ഓരോ ഘട്ടത്തിലും കണ്ടെത്തേണ്ടിയിരുന്നത്. വീതവരി, പിടിയരി, കൃഷി പിരിവ്, കെട്ടുതെങ്ങ്, തടിപിരിവ് തുടങ്ങി പല മാർഗങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.

ദൈവാലയ ശില്പികളായ പുരോഹിതർ

1938- ൽ ആരംഭിച്ച പള്ളിയുടെ പണി 14 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇക്കാലയളവിൽ ഏഴ് വൈദികർ വികാരിമാരായി വന്നു. പുറക്കരിയിൽ ദേവസ്യാച്ചൻ, നല്ലരിയിൽ ആഗസ്തി അച്ചൻ, മണ്ണനാൽ കുര്യാക്കോസ് അച്ചൻ, പഴേള്ളിൽ ജേക്കബ് അച്ചൻ, പുളിനിൽക്കുന്നതിൽ ഗീവർഗീസ് അച്ചൻ, കളപ്പുരയ്ക്കൽ ദേവസ്യാച്ചൻ, കലേക്കാട്ടിൽ ജോർജ് അച്ചൻ എന്നിവയായിരുന്നു അവർ. കലേക്കാട്ടിൽ അച്ചൻ 1947 മുതൽ എട്ട് വർഷം വികാരിയായിരുന്നു. അദ്ദേഹത്തിൻ്റെ കാലത്താണ് പള്ളിപണി പൂർത്തിയാക്കി പള്ളിയുടെ വെഞ്ചരിപ്പ് കർമ്മം നടത്തിയത്.

പുത്തൻപള്ളി വെഞ്ചരിപ്പ്

1952 ഫെബ്രുവരി 9 ന് ശനിയാഴ്ച അഭിവന്ദ്യ പാലാ രൂപതാ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പള്ളിയുടെ വെഞ്ചരിപ്പ് കർമ്മം നടത്തുകയുണ്ടായി. പഴയ പള്ളിയിൽ നിന്നും പുതിയ പള്ളിയിലേക്ക് ആഘോഷമായ ദിവ്യകാരുണ്യപ്രദക്ഷിണത്തെ തുടർന്ന് ആദ്യദിവ്യബലിയും അർപ്പിക്കപ്പെട്ടു. വെഞ്ചരിപ്പിന്‍റെ ഒരുക്കത്തിനായി സി.വൈ.എം.എ യുടെ നേതൃത്വത്തിൽ യുവജനങ്ങൾ അഹോരാത്രം പണി ചെയ്ത് പള്ളിയും പരിസരവും വൃത്തിയാക്കി ഭംഗിയായി അലങ്കരിച്ചു. ഫെബ്രുവരി പത്താം തീയതി പള്ളിയുടെ പ്രധാന തിരുനാൾ സമുചിതം ആഘോഷിക്കപ്പെട്ടു.

പ്ലാറ്റിനം ജൂബിലി

1973 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ജൂബിലി വർഷമായി ആചരിക്കുകയുണ്ടായി.

പുതിയ പള്ളി പണിക്ക് സുതുത്യർഹമായ നേതൃത്വം നൽകിയ ബഹുമാനപ്പെട്ട പഴേമ്പള്ളിൽ യാക്കോബച്ചൻ 1974 ജനുവരി 18 നും കാളാശ്ശേരി പിതാവിൻ്റെ സെക്രട്ടറിയായിരുന്ന ബഹുമാനപ്പെട്ട കോടിക്കുളത്ത് മാത്യു അച്ചൻ 1974 ജൂലൈ 23 നും അന്തരിച്ചു. ഇരുവരെയും പുതിയ പള്ളിയുടെ ഇടതുവശത്ത് കബറടക്കം ചെയ്യുകയുണ്ടായി.

ശതാബ്ദി ആഘോഷം

മറ്റക്കര തിരുകുടുംബ ദൈവാലയത്തിന്‍റെ ശതാബ്ദി ആഘോഷങ്ങൾ 1998 ഒക്ടോബർ 13 മുതൽ 25 വരെ സമുചിതം ആഘോഷിച്ചു. കുടുംബ നവീകരണ ധ്യാനം, ദിവ്യകാരുണ്യ ആരാധന, വിശ്വാസ പരിശീലന ദിനം, കുട്ടികൾക്കായി ഏകദിന ധ്യാനം, യുവജന ദിനം, ദമ്പതി ദിനം, ദൈവവിളി ദിനം, ഇടവക ദിനം, ആദ്യകുർബാന സ്വീകരണം, സ്ഥൈര്യ ലേപനം എന്നിവ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. പള്ളിയുടെ മുൻവശത്ത് ചെരിഞ്ഞു കിടന്നിരുന്ന മൈതാനം മണ്ണെടുത്തു മാറ്റി കുരിശുംതൊട്ടി നിരപ്പാക്കി കുരിശും തൊട്ടിയിൽ ശതാബ്ദി സ്മാരക സ്റ്റേജും പള്ളിമുറ്റത്തേക്ക് കയറാനുള്ള വിശാലമായ നടകളും കെട്ടി മനോഹരമാക്കി. പള്ളിമുറ്റത്തേക്കുള്ള റോഡ് ടാർ ചെയ്തു. 1996 മാർച്ച് 24 ന് ചേർന്ന പ്രതിനിധി യോഗം പള്ളിയുടെ മുമ്പിൽ മനോഹരമായ മോണ്ടളം പണിയുവാൻ തീരുമാനിച്ചു. 1998 ഫെബ്രുവരി ഒന്നാം തീയതി ചേർന്ന പ്രതിനിധി യോഗത്തിൽ മണൽ ജംഗ്ഷനിൽ ശതാബ്ദി സ്മാരകമായി ഒരു വ്യാപാര കേന്ദ്രം പണിയുവാൻ തീരുമാനിക്കുകയും 2006 ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

2007 ഏപ്രിൽ മാസം 29 ന് ചേർന്ന പൊതുയോഗത്തിൽ പള്ളിയോട് ചേർന്ന് ഒരു പാരിഷ് ഹാൾ പണിയുന്നതിന് തീരുമാനിക്കുകയും ഇടവകക്കാരിൽ നിന്ന് സംഭാവനയായും പലിശരഹിത വായ്പയായും ലഭിച്ച പണം ഉപയോഗിച്ച് ഏതാണ്ട് ഒന്നര വർഷങ്ങൾ കൊണ്ട് പണികൾ പൂർത്തിയാക്കുകയും ചെയ്തു.

പുതിയ അജപാലന കേന്ദ്രം

2021 സെപ്റ്റംബർ 26 ന് ചേർന്ന പ്രത്യേക കമ്മിറ്റി പഴയ പള്ളിമുറി പൊളിച്ചു മാറ്റി പുതിയ അജപാലന കേന്ദ്രം നിർമ്മിക്കുവാൻ തീരുമാനിക്കുകയും എട്ടു മാസങ്ങൾ കൊണ്ട് അജപാലന കേന്ദ്രത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2022 നവംബർ മാസം 27 -ാം തീയതി ഞായറാഴ്ച ക്രിസ്തുവിൻ്റെ രാജ്യത്വ തിരുനാൾ ആഘോഷത്തിന് ശേഷം വെഞ്ചരിപ്പ് കർമ്മം പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുകയും ചെയ്തു.

ശതോത്തര രജത ജൂബിലി

ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2022 ജനുവരി 15 ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷവേളയിൽ ഭവനങ്ങളിൽ ജൂബിലി വർഷ പ്രാർത്ഥന, തിരുസ്വരൂപ പ്രയാണം, കുടുംബക്കൂട്ടായ്മ പ്രാർത്ഥനകൾ, യുവജന സംഗമം, കുട്ടികളുടെ ധ്യാനം, വാർഷിക ധ്യാനം, മതാധ്യാപക സംഗമം, സന്യസ്ത സംഗമം, വയോജനസംഗമം, മാതൃ സംഗമം, ഉപവാസ പ്രാർത്ഥനകൾ എന്നിവ നടത്തപ്പെട്ടു. ഭദ്രാവതി രൂപത മെത്രാൻ അഭിവന്ദ്യ തോമസ് അരുമച്ചാടത്ത് പിതാവ് കുട്ടികളുടെ ആദ്യകുർബാന സ്വീകരണ തിരുക്കർമ്മങ്ങൾക്കും തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പാംബ്ലാനി പിതാവ് തിരുനാൾ തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകി. ജനുവരി ഇരുപതാം തീയതി ഇടവക ദിനമായി ആചരിച്ചു.

2023 ജനുവരി 21-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് അഭിവന്ദ്യ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികനായിരുന്നു. മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്‍റെ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക “ക്വയ്നോനിയ” യുടെ പ്രകാശനവും നിർവഹിക്കപ്പെട്ടു. കൂടാതെ, ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് ഭവനങ്ങൾ നിർമ്മിച്ച് നിർധന കുടുംബങ്ങൾക്ക് നൽകാനും സാധിച്ചു.

മറ്റക്കരയുടെ മതസൗഹാർദ്ദത്തിന്‍റെ പ്രതീകമായി നിൽക്കുന്ന തിരുക്കുടുംബ ദൈവാലയം ഈ നാടിൻ്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പാലാ രൂപതയിലെ തിരുക്കുടുംബ നാമധേയത്തിലുള്ള ആദ്യ ഇടവകയായ മറ്റക്കര തിരുക്കുടുംബ ദൈവാലയത്തെ ഇക്കാലമത്രയും വളർത്തുന്നതിന് നിർലോഭമായും നിസ്വാർത്ഥമായും പ്രവർത്തിച്ച ബഹുമാനപ്പെട്ട അച്ചന്മാർ, ഇടവക രൂപീകരണത്തിനും ദൈവാലയ നിർമ്മാണത്തിനും മുൻകൈയെടുത്ത വ്യക്തികൾ, കൈകാരന്മാർ, വിവിധ കമ്മറ്റി അംഗങ്ങൾ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് ഇവരെ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. മറ്റക്കരയിലെ ക്രൈസ്തവ വിശ്വാസികളുടെ ആശ്രയ സങ്കേതമായി, പ്രകാശഗോപുരമായി നില കൊള്ളുന്ന ശതോത്തര രജത ജൂബിലി പിന്നിട്ട ഈ ദൈവാലയത്തിന് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടു പോകുവാൻ തിരുക്കുടുംബത്തിന്‍റെ അനുഗ്രഹവും മാധ്യസ്ഥവും പ്രാർത്ഥിക്കുന്നു.