back to top
എഫ്.സി.സി കോൺവെൻ്റ്

FCC Convent

ചങ്ങനാശ്ശേരി ആസ്ഥാനമായി സ്ഥാപിതമായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍റെ ഏഴാമത്തെ ഭവനം 1919 ഏപ്രിൽ ഏഴിന് മറ്റക്കരയിൽ സ്ഥാപിതമായി. ബഹുമാനപ്പെട്ട വെറോനിക്കാമ്മയുടെ സഹോദരി പുത്രൻ മറ്റക്കര ഇടവക മണ്ണനാൽ കന്നുംകുഴിയിൽ ജോസഫ് ജോസഫ്, മറ്റക്കരയിൽ ഒരു ക്ലാരമഠം സ്ഥാപിക്കുന്നതിന് പുരയിടവും പുരയും നൽകുകയും അങ്ങനെ 5 സിസ്റ്റേഴ്സ് അടങ്ങുന്ന ഒരു സന്ന്യാസിനി സമൂഹം മറ്റക്കരയിൽ രൂപം കൊള്ളുകയും ചെയ്തു. പിന്നീട് പള്ളിക്കു വടക്കുവശത്തുള്ള കൂർക്കമറ്റത്തിൽ ബഹുമാനപ്പെട്ട മത്തായി അച്ചൻ ദാനമായി തന്ന പൂന്തോപ്പ് പുരയിടത്തിലേക്ക് മഠം മാറ്റി സ്ഥാപിക്കപ്പെട്ടു. 1919 ഒക്ടോബർ 20 -ാം തീയതി ഞായറാഴ്ച പുതിയ സ്ഥലത്തേക്ക് അന്നത്തെ സഹോദരിമാർ താമസം മാറ്റി. അന്നുണ്ടായിരുന്ന കൊച്ചു ഭവനം അല്പം കൂടി വലുതാക്കി പണികഴിപ്പിച്ചു. സാമ്പത്തിക ക്ലേശങ്ങൾ അനുഭവപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ അന്നത്തെ ബഹുമാനപ്പെട്ട അമ്മമാരുടെ പ്രാർത്ഥനയുടെയും ദൈവത്തിൽ ആശ്രയിച്ചു കൊണ്ടുള്ള പരിശ്രമത്തിൻ്റെയും ഫലമായി വളർച്ചയിലേക്ക് നീങ്ങുവാൻ കോൺവെന്‍റിന് സാധിച്ചിട്ടുണ്ട്. 1931 മുതൽ മറ്റക്കര മഠത്തിൽ നിന്നും മഞ്ഞാമറ്റം സ്കൂളിൽ പോയി സിസ്റ്റേഴ്സ് അധ്യാപനം നടത്തി വന്നു. 1955- ൽ മഠത്തിന്‍റെ ഒരു ശാഖ മഞ്ഞാമറ്റത്ത് തുടങ്ങുന്നത് വരെ അത് തുടർന്നു കൊണ്ടിരുന്നു.

ഇടവക സമൂഹത്തിൻ്റെ ഒരു ഭാഗമാണ് തങ്ങളുടെ സമൂഹം എന്ന ബോധ്യത്തോടെ ഇടവകയിലെ എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും FCC സിസ്റ്റേഴ്‌സ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഇടവകയിലെ ഭക്തസംഘടനകളായ ചെറുപുഷ്പ മിഷൻ ലീഗ്,SMYM, മാതൃവേദി മുതലായവയിൽ സിസ്റ്റേഴ്സ് ആത്മാർത്ഥമായി സഹകരിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. ഇടവകയിലെ പ്രധാനപ്പെട്ട ഒരു പ്രവർത്തനരംഗമാണ് ഞായറാഴ്ചകളിലെ വിശ്വാസ പരിശീലനം. കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിൽ തന്നെ വിശ്വാസം പകർന്നു കൊടുക്കുവാനും സ്വഭാവരൂപത്കരണം നടത്തുവാനും സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യുന്ന വ്യക്തികളായി അവരെ മാറ്റിയെടുക്കുവാനും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് പരിശീലനം നൽകി വരുന്നു. കൂദാശ സ്വീകരണത്തിന് കുട്ടികളെ ഒരുക്കുകയും പ്രാർത്ഥനകൾ ഭക്തിപൂർവ്വം ചൊല്ലുന്നതിന് കുഞ്ഞുങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ദേവാലയം അലങ്കരിക്കുന്നതിനും അൾത്താര മനോഹരമാക്കുന്നതിലും സിസ്റ്റേഴ്സ് അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.

അഭയ ഭവൻ

1990 - ൽ 'അഭയ ഭവൻ' എന്ന പേരിൽ എഫ്.സി.സി പാലാ പ്രൊവിൻഷ്യൽ ഹൗസിനോടനുബന്ധിച്ച് സെറാഫിക് മഠത്തിൽ അനാഥരും ദരിദ്രരുമായ ഏതാനും സ്ത്രീകളെ സംരക്ഷിക്കുവാൻ വേണ്ടി ഒരു സ്ഥാപനം ആരംഭിക്കുകയുണ്ടായി. അവിടുത്തെ സൗകര്യക്കുറവുകൊണ്ട് 1994 -ൽ മറ്റക്കര മഠത്തിനോട് ചേർന്നുള്ള പഴയ കെട്ടിടം അറ്റകുറ്റ പണികൾ തീർത്ത് അവരെ ഇങ്ങോട്ട് മാറ്റുകയും ചെയ്തു. 16 പേരുണ്ടായിരുന്ന അവരിൽ 12 പേരും സ്വർഗ്ഗ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ഇപ്പോൾ 4 അംഗങ്ങൾ മാത്രമേ ഇവിടെയുള്ളൂ. അവരെ പ്രതിഫലേച്ഛ കൂടാതെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് സന്തോഷത്തോടെ ശുശ്രൂഷിക്കുന്നു. പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും സിസ്റ്റേഴ്സിന് വേണ്ട സഹായങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നു.

7000 അംഗങ്ങളുള്ള FCC യുടെ ഒരു യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഈ പൊതുസമൂഹം വിനീതനും ക്രൂശിതനുമായ യേശുവിനെ അനുപദം പിന്തുടർന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും വിശുദ്ധ ക്ലാരയുടെയും മാതൃക സ്വീകരിച്ചുകൊണ്ട് ദൈവത്തോടും ദൈവജനത്തോടുമുള്ള കടമകൾ നിറവേറ്റുകയും പരിശുദ്ധമായ ജീവിതം നയിക്കുവാൻ പ്രയത്നിക്കുകയും ചെയ്യുന്നു. നന്മയിൽ നിലനിൽക്കുവാൻ കാരുണ്യവാനായ ദൈവം ഇവർക്ക് ശക്തി നൽകട്ടെ. ഒപ്പം പരിശുദ്ധ കന്യകാമറിയവും ആശ്രമ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പും ഇവർക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കട്ടെ. ദൈവത്തിന് സ്തുതി.