Chapels
ക്രിസ്തുരാജ് ചാപ്പൽ, വടക്കേടം
1936 ഏപ്രിൽ 26-ാം തീയതിയിലെ പ്രതിനിധി യോഗത്തിൽ ഇപ്പോഴത്തെ വടക്കേടം കവലയിൽ ഒരു കുരിശുപള്ളി പണിയുവാൻ തീരുമാനമുണ്ടായി. ഇടവകപ്പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള ആത്മക്കൂട്ടം വക നീക്കിയിരിപ്പ് പണവും(കുടുംബ കൂട്ടായ്മകൾ ചിട്ടി നടത്തി പണസമാഹരണം നടത്തിയിരുന്നു) വാക്കയിൽ ഔസേപ്പ് മുതൽ പേർ നടത്തുന്ന ആത്മക്കൂട്ടം വക നീക്കിയിരിപ്പ് തുകയും സമാഹരിച്ച് കുരിശുപള്ളി പണിയുവാനാണ് തീരുമാനിച്ചത്. അതിൻപ്രകാരം കുരിശുപള്ളിക്കുള്ള തറകെട്ടി. എന്നാൽ 1958 ലാണ് മൂന്ന് എടുപ്പായി കുരിശുപള്ളി പണിയാൻ കഴിഞ്ഞത്. മൂന്ന് എടുപ്പുകളിലും നിന്ന് വിശ്വാസികൾക്ക് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാമായിരുന്നു. 1978 -ൽ ഇരുവശങ്ങളിലുമുള്ള എടുപ്പുകൾ പൊളിച്ചുമാറ്റി ഇന്നത്തെ രൂപത്തിലുള്ള കുരിശുപള്ളി പണി തീർത്തത് ഫാ. പോൾ കൊട്ടുകാപ്പള്ളിയുടെ കാലത്തായിരുന്നു. പുറ്റത്താങ്കൽ ജോസഫ് എബ്രഹാം, കോടിക്കുളത്ത് കുര്യൻ വർക്കി, കീച്ചേരിയിൽ ആഗസ്തി ആഗസ്തി, മത്തായി ജോസഫ് കൊട്ടുപ്പള്ളിയിൽ എന്നിവരായിരുന്നു കൈക്കാരന്മാർ. ഇതിനോടൊപ്പം സ്റ്റേറ്റ് ബാങ്കിന്റെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി.
സെൻ്റ് ജോർജ് കുരിശുപള്ളി, മണൽ
മറ്റക്കര മണൽ ജംഗ്ഷനിൽ ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം (1.25 സെൻ്റ്) നൽകിയത് ശ്രീ. മത്തായി വാക്കയിൽ ആയിരുന്നു. 1977 ജൂലൈ പതിനെട്ടാം തീയതിയിലെ യോഗ നിശ്ചയപ്രകാരവും രൂപതാ കാര്യാലയത്തിൽ നിന്നുള്ള 606 -ാം നമ്പർ കൽപ്പന പ്രകാരവും പ്രസ്തുത സ്ഥലത്ത് ഒരു കുരിശുപള്ളി പണിയുവാൻ തീരുമാനമായി. 7.5 അടി ചതുരം, 33.5 അടി ഉയരം എന്ന അളവിൽ മൂന്ന് നിലകളിലായി പണിപൂർത്തിയായി. പിന്നീട് 13.5 സെന്റ് സ്ഥലവും ഓടുമേഞ്ഞ കെട്ടിടവും കൂടി ശ്രീ. മാത്യു മത്തായിയോട് വാങ്ങിക്കുകയുണ്ടായി. കുരിശുപള്ളിയുടെ മുൻപിലുള്ള മോണ്ടളം പണികഴിപ്പിച്ചത് 1987 -ൽ ബഹുമാനപ്പെട്ട നിരവത്ത് അച്ചൻ്റെ കാലത്താണ്.