back to top

Presbytery

2021 ഓഗസ്റ്റ് എട്ടാം തീയതി പള്ളിമേടയിൽ ചേർന്ന പ്രതിനിധി യോഗത്തിൽ നിലവിലുള്ള പള്ളിമുറിയുടെ ശോചനീയാവസ്ഥയെപ്പറ്റി വികാരി ഫാ. തോമസ് പരുത്തിപ്പാറ സൂചിപ്പിക്കുകയും പ്രതിനിധി യോഗം സ്ഥിതി വിലയിരുത്തി, നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. 2021 സെപ്റ്റംബർ 26 -ാം തീയതി കൂടിയ പ്രതിനിധി യോഗത്തിൽ അറ്റകുറ്റപ്പണികൾ തീർക്കുന്നത് ശാശ്വതമല്ലെന്നും പള്ളിമുറി പൊളിച്ച് പുതിയ അജപാലന കേന്ദ്രം പണിയുന്നതാണ് ഉചിതമെന്നുമുള്ള നിർദ്ദേശം ഉപസമിതി സമർപ്പിക്കുകയും ചെയ്തു. ഉപസമിതിയുടെ നിർദ്ദേശം പരിഗണിച്ച് പുതിയ അജപാലന കേന്ദ്രം നിർമ്മിക്കുന്നതിനുള്ള അംഗീകാരം പ്രതിനിധി യോഗം നൽകി. 2022 ജനുവരി പതിനാറാം തീയതി ഞായറാഴ്ച ദർശന തിരുനാളിനോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ശേഷം അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് ശിലാസ്ഥാപനത്തിനുള്ള കല്ല് വെഞ്ചരിച്ച് കൈക്കാരന്മാർക്ക് നൽകി.

2022 മാർച്ച് മുപ്പതാം തീയതി രൂപതാ കേന്ദ്രത്തിൽ നിന്നും കെട്ടിടത്തിന്‍റെ പ്ലാനും എസ്റ്റിമേറ്റും അംഗീകരിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു. 2022 ഏപ്രിൽ നാലാം തീയതി ഓശാന ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്ക് ശേഷം അജപാലന കേന്ദ്രത്തിന്‍റെ കല്ലിടീൽ കർമ്മം റവ ഫാ. തോമസ് പരുത്തിപ്പാറ നിർവഹിച്ചു. സംഭാവനകൾ, പലിശരഹിത വായ്പകൾ, സംഭാവന കൂപ്പണുകൾ എന്നിവയിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ ധനസമാഹരണം നടത്തി. 2022 നവംബർ 27 -ാം തീയതി ഞായറാഴ്ച അജപാലന കേന്ദ്രത്തിന്‍റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ആഘോഷമായ പാട്ടു കുർബാനയ്ക്ക് മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഡോ. ഫാ. തോമസ് പാറയ്ക്കൽ, ഫാ. മാത്യു പുത്തൻപുര എന്നിവർ സഹകാർമികരായിരുന്നു. ഈ ഉദ്യമത്തിന് ധീരമായ നേതൃത്വം നൽകിയ റവ. ഫാ. തോമസ് പരുത്തിപ്പാറ, കൈകാരന്മാർ, സാമ്പത്തിക സഹായത്തിലൂടെയും പ്രാർത്ഥനയിലൂടെയും കൂടെ നിന്ന എല്ലാ പള്ളിയിലെയും അച്ചന്മാർ, എല്ലാ മഠത്തിലെയും സുപ്പീരിയർമാർ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പള്ളിക്കമ്മിറ്റിയിലെ അംഗങ്ങൾ,ഇടവകാംഗങ്ങൾ, മറ്റ് അഭ്യുദയകാംക്ഷികൾ, നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, എൻജിനീയർ, കോൺട്രാക്ടർ എന്നിവരോടുള്ള ഇടവകയുടെ ആദരവും കടപ്പാടും അറിയിക്കുന്നു. തിരുക്കുടുംബം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Parish Hall

തിരുകുടുംബ ദേവാലയത്തിന്‍റെ തിരുമുറ്റത്ത് കുട്ടികൾക്കായി വേദപാഠ ക്ലാസുകൾ നടത്തുവാൻ ഒരു ഷെഡ് ഉണ്ടാക്കിയത് 1956 - ൽ ബഹുമാനപ്പെട്ട യാക്കോബ് കാര്യപ്പുറത്തച്ചൻ്റെ നേതൃത്വത്തിലായിരുന്നു. ഒരു സ്റ്റേജും 12 കൽത്തൂണുകളുമായി മേൽക്കൂര ഓടിട്ട് നിർമ്മിച്ച പ്രസ്തുത കെട്ടിടം ഇടവകയുടെ പ്ലാറ്റിനം ജൂബിലിയുടെ മുന്നോടിയായി ഹാളായി പരിവർത്തിതപ്പെടുത്തിയത് 1972 - ൽ അന്നത്തെ വികാരിയായിരുന്ന ഫാ. സെബാസ്റ്റ്യൻ വിരുത്തിയിലിന്‍റെ നേതൃത്വത്തിലായിരുന്നു. മാറുന്ന കാലഘട്ടത്തിൻ്റെ ആവശ്യകതകൾ ഉൾക്കൊണ്ട്, മതബോധന ക്ലാസുകൾ നടത്തുവാൻ പര്യാപ്തമായ സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പാരിഷ് ഹാൾ നിർമ്മിക്കുക എന്ന ആശയം അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ ജോസഫ് ഇടത്തും പറമ്പിലച്ചൻ ഇടവക പൊതുയോഗത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുകയും 2007 ഏപ്രിൽ 29 -ാം തീയതി ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ ഒരു പുതിയ പാരിഷ് ഹാൾ പണിയുന്നതിന് തത്വത്തിൽ തീരുമാനിക്കുകയും ചെയ്തു .

2008 മെയ് 16 ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാരിഷ് ഹാളിന് തറക്കല്ലിട്ടു. ഇടവകക്കാരിൽ നിന്നുള്ള സംഭാവനകൾ, സംഭാവന കൂപ്പൺ നറുക്കെടുപ്പ്, വ്യക്തിഗത വായ്പകൾ, ശ്രമദാനം എന്നിവ വഴി പണം സംഭരിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. 2010 ജനുവരി ആറാം തീയതി പാലാ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പാരിഷ് ഹാളിന്‍റെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. ഈ സംരംഭത്തിന് നേതൃത്വം വഹിച്ച, പ്രയത്നിച്ച എല്ലാവർക്കും തിരുക്കുടുംബത്തിൻ്റെ അനുഗ്രഹം സമൃദ്ധമായി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Holy Family Shopping Complex

മണൽ ജംഗ്ഷനിൽ കുരിശു പള്ളിയോട് ചേർന്നുള്ള 13.5 സെൻ്റ് സ്ഥലത്ത് ഒരു വ്യാപാര കേന്ദ്രം നിർമ്മിക്കുന്നത് ഇടവകക്കാരുടെ ദീർഘകാല അഭിലാഷമായിരുന്നു. 1998 ഫെബ്രുവരി ഒന്നാം തീയതി ബഹുമാനപ്പെട്ട അലക്സ് മൂലേക്കുന്നേൽ അച്ചൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ വച്ച് ശതാബ്ദി സ്മാരകമായി മണൽ ജംഗ്ഷനിൽ രണ്ട് നിലകളുള്ളതും താഴത്തെ നിലയിൽ 9 മുറികൾ ഉള്ളതുമായ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിയുവാൻ തീരുമാനിച്ചു. എന്നാൽ സാമ്പത്തിക ഞെരുക്കം മൂലം നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും 2000 ഓഗസ്റ്റ് 20 ന് കൂടിയ പൊതുയോഗത്തിൽ മൂന്ന് നിലയുടെ അടിസ്ഥാനമിട്ട് ഒരു നിലയിൽ കെട്ടിടം പണിയുവാൻ തീരുമാനിക്കുകയും ചെയ്തു. 2000 ഡിസംബർ മാസത്തിൽ ഫാദർ അഗസ്റ്റിൻ കടുകൻമാക്കലിന്‍റെ നേതൃത്വത്തിൽ കെട്ടിടത്തിന്‍റെ പൈലിംഗ് ജോലികൾ ആരംഭിച്ചു. 2003 ജൂലൈ 13 ന് ബഹുമാനപ്പെട്ട ജോസഫ് ഇടത്തുംപറമ്പിൽ അച്ചൻ്റെ അധ്യക്ഷതയിൽ കൂടിയ പ്രതിനിധിയോഗം മണൽ കെട്ടിടത്തിന്‍റെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പണികൾ പുനരാരംഭിക്കുവാൻ തീരുമാനിച്ചു. 2006 ഡിസംബർ മാസത്തിൽ പണികൾ പൂർത്തീകരിച്ച് മിക്ക മുറികളും വാടകയ്ക്ക് നൽകി. 2015 മെയ് നാലിന് കൂടിയ പൊതുയോഗത്തിൽ വാണിജ്യ സാധ്യതകൾ കണക്കിലെടുത്ത് മണൽ കെട്ടിടത്തിന് മുകൾ നില പണിയുന്നതിന് തീരുമാനിച്ചു. 2017 ജൂൺ മാസത്തിൽ വ്യക്തിഗത വായ്പകളുടെ സഹായത്തോടെ കെട്ടിടത്തിന്‍റെ മുകൾ നിലയുടെ നിർമ്മാണം പൂർത്തിയാക്കി. എട്ടു കടമുറികളും ചെറിയ വരാന്തയുമായി മുകൾ നില വാർത്ത് തറ ടൈൽസ് ഇട്ട് മുറികൾ തിരിച്ച് ഉപയോഗ യോഗ്യമാക്കി. ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ റവ ഫാ. അലക്സ് മൂലേക്കുന്നേൽ, റവ ഫാ. അഗസ്റ്റിൻ കടുകൻമാക്കൽ,റവ ഫാ. ജോസഫ് ഇടത്തും പറമ്പിൽ, റവ ഫാ. ജോസഫ് കുമ്മിണിയിൽ എന്നിവരെ സ്നേഹത്തോടെ സ്മരിക്കുന്നു. ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൈക്കാരന്മാർ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർക്ക് അഭിനന്ദനങ്ങളും ആത്മാർത്ഥമായ നന്ദിയും രേഖപ്പെടുത്തുന്നു. തിരുക്കുടുംബം ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ChristuRaj Shopping Complex

1958-ല്‍ ഇന്നത്തെ വടക്കേടം ജംഗ്ഷനിൽ വാക്കയിൽ മത്തായി ദേവസ്യയോട് വാങ്ങിയ ഏഴ് സെൻ്റ് സ്ഥലത്ത് ഒരു കുരിശുപള്ളി മൂന്ന് എടുപ്പായി പണി കഴിപ്പിച്ചു.1978 -ൽ അതിൻ്റെ ആകൃതി മാറ്റി ഇന്നത്തെ രൂപത്തിൽ കുരിശുപള്ളി പുതുക്കിപ്പണിതു. കൂടാതെ കൊച്ചുമഠത്തിൽ ജോസഫ് ചാണ്ടിയോട് 2.75 സെൻ്റ് സ്ഥലം കൂടി വാങ്ങി സ്റ്റേറ്റ് ബാങ്ക് കെട്ടിടം പണിതു. ഈ കെട്ടിടത്തിന് മുകളിൽ രണ്ട് കടമുറികളും താഴെ മൂന്ന് കട മുറികളുമാണ് ഉള്ളത്.

CEMETERY (nithyathayude kavadam)

"ഞാനാണ് പുനരുദ്ധാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും."
യോഹ 11:25

തേനും പാലും ഒഴുകുന്ന കാനാൻ ദേശം സ്വപ്നം കണ്ട് മോശയോടൊപ്പം ഇസ്രായേൽ ജനം യാത്ര ചെയ്തത് പോലെ മിശിഹായിലൂടെ യാഥാർത്ഥ്യമാകുന്ന ദൈവരാജ്യം തേടി നാമും യാത്ര ചെയ്യുകയാണ്. പാപത്തിന്‍റെ അടിമത്തത്തിൽ നിന്നും മോചനം നേടി സ്വർഗ്ഗരാജ്യം എന്ന പ്രത്യാശ വെച്ച് മുന്നോട്ട് നീങ്ങുന്നവരാണ് ക്രൈസ്തവർ. ഈ പ്രത്യാശയാണ് ക്രൈസ്തവ ജീവിതത്തിന് അർത്ഥം നൽകുന്നത്.

മനുഷ്യൻ ഒരിക്കൽ മരിക്കണമെന്നതും മരണശേഷം വിധിക്ക് വിധേയനാകണമെന്നതും ദൈവഹിതമാണ്. ജീവിതത്തിൻ്റെ സാധാരണഗതിയിലുള്ള അന്ത്യമായി പഴയനിയമം മരണത്തെ ചിത്രീകരിക്കുന്നു. എന്നാൽ, പുതിയ നിയമം മരണത്തിന് പുതിയൊരു അർത്ഥതലം നൽകുന്നുണ്ട്. നശ്വരമായതിൽ നിന്നും അനശ്വരമായതിലേക്കും ഭൗമികമായതിൽ നിന്ന് സ്വർഗീയമായതിലേക്കുമുള്ള കടന്നു പോകലാണ് മരണം. അന്ത്യ വിധിനാളിൽ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടുകയും നന്മ ചെയ്തവരെ മഹത്വീകരിക്കുകയും തിന്മ ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യും. പിതാവിൻ്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ഈശോ മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാൻ വരുമെന്നുള്ളത് ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനമാണ്.

മറ്റക്കര ഇടവകയിൽ നിന്ന് നിത്യസമാനത്തിന് വിളിക്കപ്പെടുന്ന ഇടവകാംഗങ്ങളുടെ ശവസംസ്കാരത്തിനായി 1924 ഒക്ടോബർ 12 -ാം തീയതി കൂടിയ പൊതുയോഗത്തിൽ പള്ളിയുടെ തെക്കുവശത്ത് ചായിപ്പിനും പ്രദക്ഷിണ വീഥിയ്ക്കുമപ്പുറം സെമിത്തേരി, "നിത്യതയുടെ കവാടം", പണിയുവാൻ തീരുമാനിച്ചു .പിന്നീട് കാലാകാലങ്ങളിൽ ആവശ്യാനുസരണം പുതിയ കല്ലറകളുടെ നിർമ്മാണവും ആവശ്യമായ കൂട്ടിച്ചേർക്കലുകളും ഉണ്ടായി. ചുറ്റുമതിലും മൃതദേഹം വയ്ക്കുന്നതിനുള്ള പന്തലും നിർമ്മിക്കപ്പെട്ടു. ഇതിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട അച്ചന്മാർ, കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ, സ്ഥലദാതാക്കൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.

Centenary Memorial Stadium

1970 -ൽ ബഹുമാനപ്പെട്ട മാത്യു മാന്തോട്ടത്തിൽ അച്ചനാണ് കൽക്കുരിശ് വഴിക്കരികിൽ നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. ഈ കുരിശുംതൊട്ടി താഴേക്ക് ചെരിഞ്ഞു കിടക്കുന്ന സ്ഥലം ആയിരുന്നു. തിരുനാൾ പ്രദക്ഷിണങ്ങൾക്കും കഴുന്ന് എഴുന്നള്ളിപ്പിനും മറ്റും ഇത് അസൗകര്യം ആയിരുന്നു. തിരുനാൾ അവസരങ്ങളിലെ കലാപരിപാടികൾ ഇരുന്ന് ആസ്വദിക്കുവാനും ഏറെ ബുദ്ധിമുട്ടായിരുന്നു. ഈ വസ്തുതകൾ പരിഗണിച്ച് 1996 ഫെബ്രുവരി പത്താം തീയതി ബഹുമാനപ്പെട്ട അലക്സ് മൂലേക്കുന്നേൽ അച്ചൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ശതാബ്ദി ആഘോഷങ്ങൾക്ക് മുമ്പായി കുരിശും തൊട്ടി നിരപ്പാക്കാനും മണ്ണിടിച്ച് മാറ്റുന്ന സ്ഥലത്ത് രണ്ടു വശങ്ങളിലായി നടകൾ കെട്ടി ഇരിപ്പിടം പോലെ സ്റ്റേഡിയം പണിയുവാനും സ്റ്റേഡിയത്തിന് തെക്കുവശത്ത് ഒരു സ്റ്റേജ് പണിയുവാനും തീരുമാനിച്ചു. ഏതാണ്ട് എട്ടു മാസങ്ങൾ കൊണ്ട് ഇതിന്‍റെ പണികൾ പൂർത്തിയായി. ഇതിന് ശതാബ്ദി സ്മാരക സ്റ്റേഡിയം എന്ന് പേരിട്ടു.